Sunday, January 19, 2020

13/01/2020 - 17/01/2020

ടീച്ചിംഗ് പ്രാക്ടീസ് ന്റെ അവസാന ആഴ്ച ആയിരുന്നു. പഠം പഠിപ്പിച്ചു പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും സ്കൂളും കുട്ടികളെയുമൊക്കെ പിരിയുന്നതിന്റെ മാനസിക വിഷമവുമുള്ള സമയമാണിത്.
       ഹയർ സെക്കൻഡറി പഠിച്ച സ്കൂളിൽ പഠിപ്പിക്കാൻ കഴിഞ്ഞത് ഏറെ കൗതുകം ഉണർത്തിയിരുന്നു. 2011-13 കാലഘട്ടത്തിൽ കണ്ടതും അറിഞ്ഞതുമായ അനുഭവങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു 2019-2020 ലേത്. അന്ന് ഞാനൊരു വിദ്യാർത്ഥിനിയും ഇന്ന് ഞാൻ ഒരു അധ്യാപികയും ആണ്. GGHSS കോട്ടൺ ഹിൽ സ്കൂളിനെ വിദ്യാർഥിനിയായും അദ്ധ്യാപികയായും അനുഭവിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. എത്ര തന്നെ നാളുകൾ കഴിഞ്ഞാലും എന്നെന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നതാണീ അധ്യാപക പരിശീലന കാലഘട്ടം.
         സുഷമ ടീച്ചർ നൽകിയ മുഴുവൻ പാഠങ്ങളും പഠിപ്പിച്ചു പൂർത്തിയാക്കാൻ കഴിഞ്ഞ സന്തോഷവും (ഒൻപതാം ക്ലാസ്സിൽ 7 പാഠങ്ങളും എട്ടാം ക്ലാസ്സിൽ 4പാഠങ്ങളും ചേർത്ത് 11 പാഠങ്ങൾ പഠിപ്പിച്ചു. )കുട്ടികളും അധ്യാപകരും സ്കൂളുമായും ഉണ്ടാക്കിയെടുത്ത നല്ലൊരു മാനസിക ബന്ധത്തിലും ഏറെ സന്തോഷവതിയാണ് ഞാൻ. അവസാന ആഴ്ച പത്താം ക്ലാസ്സിൽ പോകാൻ അവസരം ലഭിച്ചതും പത്താം ക്ലാസ്സിലെ കുട്ടികളുമായി ഉടലെടുത്ത സൗഹൃദത്തിലും സന്തോഷം തോന്നുന്നു.
          എന്തുകൊണ്ടും സന്തോഷം നിറഞ്ഞതും ഓർമ്മയിൽ എന്നെന്നും സൂക്ഷിക്കുന്നതായ ഒരു കാലഘട്ടമായിരുന്നു ഇത്. ❤

Friday, January 10, 2020

6/1/2020 -10/1/2020

താരതമ്യേന നല്ലൊരു ആഴ്ചയായിരുന്നു. ഒരു പാഠം പഠിപ്പിച്ചു തീർക്കാൻ സാധിച്ചു (തേൻവരിക്ക). മൂന്നു observation  കഴിഞ്ഞു. ജനറൽ ടീച്ചർ , ഫിസിക്കൽ എജുക്കേഷൻ സാർ,  ഓപ്ഷണൽ ടീച്ചർ എന്നിവരാണ് എത്തിയത്. മൂന്നുപേരും നല്ല അഭിപ്രായമാണ് പറഞ്ഞത്. ഈ ആഴ്ചയിൽ നാലു ദിവസം മാത്രമാണ് ക്ലാസ് ഉണ്ടായിരുന്നത്. ഒമ്പതിലെ കുട്ടികൾ പുതിയ ബിൽഡിങ്ങിൽ ലേക്ക് വന്നതുകൊണ്ട് ഒഴിവുസമയങ്ങളിൽ ക്ലാസിൽ കയറാൻ സാധിച്ചു.
         ഇനിയും രണ്ടു പാഠങ്ങളാണ് ഒൻപതാം ക്ലാസിൽ തീർക്കാൻ ഉള്ളത്. അടുത്ത ആഴ്ച കൊണ്ട് അതു കൂടി പഠിപ്പിച്ചു തീർക്കണം. ടീച്ചിങ് പ്രാക്ടീസ് ന്റെ അവസാന ആഴ്ചയാണ് ഇനി വരാൻ പോകുന്നത്.

Saturday, January 4, 2020

30/12/19 - 4/1/2020

ക്രിസ്തുമസ് അവധി കഴിഞ്ഞു സ്കൂൾ തുറന്ന ആഴ്ച ആയിരുന്നു. രണ്ടാം തീയതി മന്നം ജയന്തിയോടനുബന്ധിച്ച വ്യാഴാഴ്ച അവധിയുമായിരുന്നു. അതുകൊണ്ടൊക്കെത്തന്നെ കുട്ടികൾ വളരെ കുറച്ചു പേർ മാത്രമാണ് സ്കൂളിൽ എത്തിയത്. പരീക്ഷ പേപ്പർ കൊടുക്കുന്നതും അവധി കഴിഞ്ഞു എത്തിയതുമായ തിരക്കുകളിലായിരുന്നു കുട്ടികളും അധ്യാപകരും. ഉച്ചഭക്ഷണം കഴിക്കാനും കുറച്ചു കുട്ടികളാണ് ഉണ്ടായിരുന്നത്.ഈ ആഴ്ച  സ്കൂൾ വേണ്ടത്ര സജീവമായിരുന്നില്ല. ഒൻപതാം ക്ലാസ്സിൽ പഠിപ്പിക്കുന്നതിന് മൂന്നു പാഠം ലഭിച്ചു. എട്ടാം ക്ലാസ്സിൽ ബൃന്ധ ടീച്ചർ പഠിക്കാമെന്ന് പറഞ്ഞതിനാൽ ഞാൻ എട്ടാം ക്ലാസ്സിൽ ഇത്തവണ പഠിപ്പിക്കുന്നില്ല.